കൊല്ലം: ഒന്നിനു പിന്നാലെ മറ്റൊന്നായി ആക്രമണങ്ങളുടെ പരമ്പരയാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചാല്‍, വിവാഹാഭ്യര്‍ത്ഥന നിരസിച്ചാല്‍ തുടങ്ങി എല്ലാകാര്യങ്ങളും ഇന്ന് അവസാനിക്കുന്നത് അക്രമങ്ങളിലാണ്. ഇന്ന് ശാസ്താംകോട്ടയില്‍ പ്രണയം നിരസിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്പ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം.
സ്വകാര്യ ബസ് ജീവനക്കാരനായ അനന്തുവാണ് പെണ്‍കുട്ടിയെ കുത്തിയത്. പുലര്‍ച്ചെ രണ്ടുമണിയോടു കൂടി പെണ്‍കുട്ടിയുടെ വീടിന്റെ ഓടിളക്കി അകത്തുകടന്ന് പെണ്‍കുട്ടിയെ സ്ക്രൂഡ്രൈവര്‍ വെച്ച് കുത്തുകയായിരുന്നു. മൂന്നു തവണയാണ് പെണ്‍കുട്ടിയെ അനന്തു കുത്തിയത്. നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും അനന്തു ഓടി രക്ഷപ്പെടുകയായിരുന്നു.
ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാണ് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചത്. ശേഷം പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. നേരത്തേ മുതല്‍ പെണ്‍കുട്ടിയെ അനന്തു ശല്യം ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടി അത് നിരസിച്ചു. ഇതായിരിക്കാം ആക്രമണത്തിന് മുതിര്‍ന്നതെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസമാണ് മംഗലാപുരത്ത് വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവാവ് പെണ്‍കുട്ടിയെ കുത്തിയത്, പിന്നാലെ യുവാവും കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 12 തവണയാണ് പെണ്‍കുട്ടിയെ യുവാവ് കുത്തിയത്. ശേഷം കഴുത്ത് മുറിക്കുകയായിരുന്നു. ഇരുവരും ഇപ്പോള്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. യുവാവ് അപകടനില തരണം ചെയ്യുകയും ചെയ്തു. ഈ ദുരന്തത്തിന്റെ ഭയപ്പാടില്‍ നിന്നും വിട്ടു മാറുന്നതിനു മുന്‍പേയാണ് കൊല്ലം ശാസ്താംകോട്ടയില്‍ നിന്നും മറ്റൊരു ആക്രമണം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്.