മണ്ണഞ്ചേരി: ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഹോമിയോ മരുന്ന് നിര്‍മ്മാണ സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. പാതിരപ്പിള്ളി ഹോംകോയില്‍ എന്ന സ്ഥാപനത്തിലാണ് ഞായറാഴ്ച രാവിലെയോടെ തീപിടുത്തമുണ്ടായത്. ഇന്റര്‍കോം ഉപകരണങ്ങളും ഫയലുകളും മറ്റും കത്തി നശിച്ചു. അവധി ദിനമായിരുന്നതിനാല്‍ സെക്യൂരിറ്റി ജീവനക്കാരന് മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ വലിയ വിപത്തില്‍ നിന്നും രക്ഷയായി. കമ്പനിയുടെ പ്രവേശന കവാടത്തിലെ റിസപ്ഷന് ഭാഗത്തു നിന്നുമാണ് ആദ്യം തീ പടര്‍ന്നത്.
ആലപ്പുഴയില്‍ നിന്ന് 2 യൂണിറ്റ് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ഓഫീസ് കെട്ടിടത്തോട് ചേര്‍ന്നുള്ള ഫാക്ടറി കെട്ടിടത്തില്‍ മരുന്ന് നിര്‍മ്മാണത്തിനായി ആയിരക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ തന്നെ തീപിടുത്തം വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരും അഗ്നിശമന സേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തീ അധികം പടര്‍ന്നു പിടിക്കാതെ കെടുത്തി.
ആലപ്പുഴ നോര്‍ത്ത് സിഐയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് എത്തിയിരുന്നു. തീപിടുത്തം ഉണ്ടാകുന്നതിന് മുമ്പ് ഹോംകോയ്ക്ക് മുന്നിലെ ട്രാന്‍സ്ഫോമറിലെ പൊട്ടിത്തെറി ശബ്ദം കേള്‍ക്കുകയും സെക്യൂരിറ്റി ജീവനക്കാരന് ഇവിടെ പോയി നോക്കി തിരികെ വന്നപ്പോഴാണ് കമ്പനിയില്‍ തീപടരുന്നത് കണ്ടെതെന്നും പോലീസ് പറയുന്നു. ഇന്റര്‍കോം ഉപകരണത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.