കൊച്ചി: വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ശാന്തിവനത്തിലൂടെയുളള വൈദ്യുതി ലൈനില്‍ വൈദ്യുതി പ്രവഹിച്ചു തുടങ്ങി. പദ്ധതി വൈദ്യുതമന്ത്രി എംഎം മണി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എറണാകുളം എംപി ഹൈബി ഈഡനും കുന്നത്തുനാട് എംഎല്‍എ വിപി സജീന്ദ്രനും പങ്കെടുത്തു.
മന്നത്ത് നിന്ന് ചെറായി വരെയാണ് 110 കെവി ലൈന്‍ പോകുന്നത്. മന്നം, എടയാര്‍ എന്നിവടങ്ങളില്‍ നിന്നുള്ള രണ്ട് വൈദ്യുത ലൈനുകളാണ് ചെറായി സബ്ബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. എറണാകുളം ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ മുനമ്പം അടക്കമുള്ള മേഖല നേരിടുന്ന വൈദ്യുതി ക്ഷാമം പരിഗണിച്ചാണ് 1999 ല്‍ മന്നം മുതല്‍ ചെറായി വരെയുള്ള വൈദ്യുതി ലൈനും ചെറായി സബ്ബ് സ്റ്റേഷനും രൂപകല്‍പ്പന ചെയ്തത്.
മന്നത്തു നിന്നും ഏഴര കിലോമീറ്റര്‍ ലൈന്‍ വലിച്ചാണ് സബ്സ്റ്റേഷനില്‍ വൈദ്യുതി എത്തിച്ചത്. 30 ടവറുകള്‍ ഉള്ളതില്‍ പതിനഞ്ചെണ്ണം ജനവാസ മേഖലയിലാണ്. മുപ്പത് കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ പണികള്‍ പൂര്‍ത്തിയാക്കിയത്.