തിരുവനന്തപുരം: ഇനി ട്രെയിന്‍ യാത്രയ്ക്കിടെ വെള്ളം തീര്‍ന്നു പോകുമെന്ന പേടി വേണ്ട. യാത്രക്കിടെ വെള്ളം തീര്‍ന്നുപോകുന്ന പ്രശ്നത്തിന് ശ്വാശത പരിഹാരവുമാകുന്നു. ഈ അവസ്ഥ ഇനിയുണ്ടാകാതിരിക്കാന്‍ ഹൈപ്രഷര്‍ പമ്പുകള്‍ സ്ഥാപിക്കാനാണ് റെയില്‍വേയുടെ തീരുമാനം. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.
ട്രെയിനുകളിലെ ടാങ്കുകള്‍ അതിവേഗം നിറയ്ക്കാന്‍ ഈ ഹൈപ്രഷര്‍ പമ്പുകള്‍ക്ക് സാധിക്കും. സ്റ്റേഷനുകളില്‍ അല്പം സമയം നിര്‍ത്തുമ്പോള്‍ത്തന്നെ വേഗത്തില്‍ ടാങ്കുകള്‍ നിറയക്കാന്‍ ഈ സംവിധാനത്തിനു കഴിയും. അതിനാല്‍ ഇടയ്ക്കുവെച്ച് വെള്ളം തീര്‍ന്നു യാത്രികര്‍ ബുദ്ധിമുട്ടുന്ന സാഹചര്യം ഇനി ഉണ്ടാകില്ല. ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മറുപടിയായി രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുടിവെള്ളത്തിനായി സ്റ്റേഷനുകളില്‍ ആര്‍ഒ (റിവേഴ്സ് ഓസ്മോസിസ്) പ്ലാന്റുകള്‍ സ്ഥാപിച്ചുവരികയാണെന്നും മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.
വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച സംവിധാനം ഉപയോഗിച്ചാണ് ട്രെയിനുകളില്‍ നിലവില്‍ വെള്ളം നിറയ്ക്കുന്നത്. ആദ്യകാലങ്ങളിലെ എണ്ണത്തെക്കാള്‍ യാത്രികര്‍ വര്‍ദ്ധിച്ചതാണ് യാത്രക്കിടയില്‍ വെള്ളം തീരാന്‍ കാരണം. പുതിയ സംവിധാനത്തോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.