അങ്കമാലി: കെഎസ്ഇബി കണക്ഷന് നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ഭീഷണി മുഴക്കി യുവ വ്യവസായി. കോടികള്‍ മുടക്കിയ തന്റെ വ്യവസായ സ്ഥാപനത്തിന് കെഎസ്ഇബി അധികൃതര്‍ വൈദ്യുതി കണക്ഷന് നല്‍കിയില്ല. ഇതില്‍ മനംനൊന്താണ് അങ്കമാലിയില്‍ യുവ വ്യവസായിയുടെ ആത്മഹത്യാശ്രമം. അങ്കമാലി കെഎസ്ഇബി ഓഫീസിന് മുന്നിലാണ് യുവാവ് ആത്മഹത്യ ഭീഷണി മുഴകകിയത്.
ന്യൂഇയര്‍ ചിട്ടിക്കമ്പനി ഉടമസ്ഥനായ എംഎം പ്രസാദാണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നത്. തോക്കും വിഷവുമായി മരത്തിന് മുകളില്‍ കയറിയിരിക്കുന്ന പ്രസാദിനെ താഴെ ഇറക്കാനുള്ള ശ്രമത്തിലാണ് പോലീസും ഫയര്‍ഫോഴ്സും. എന്നാല്‍ ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി തനിക്ക് ഉറപ്പ് തരാതെ താഴെയിറങ്ങില്ലെന്ന നിലപാടിലാണ് പ്രസാദ്.
രണ്ട് വര്‍ഷം മുമ്പാണ് വിദേശത്തേക്ക് തേയില കയറ്റി അയക്കുന്നതിന് അങ്കമാലിയില്‍ ന്യൂഇയര്‍ എക്സ്പോര്‍ട്ടേഴ്സ് എന്ന സ്ഥാപനം പ്രസാദ് തുടങ്ങുന്നത്. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉന്നയിച്ച് കെഎസ്ഇബി അധികൃതര്‍ സ്ഥാപനത്തിന് ഇതുവരെ വൈദ്യുതി കണക്ഷന് നല്‍കിയില്ല. ഇതുമായി ബന്ധപ്പെട്ട് പ്രസാദ് മാനസിക വിഷമത്തില്‍ ആയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
തുടര്‍ന്ന് കഴിഞ്ഞ 110 ദിവസമായി പ്രസാദ് അങ്കമാലി കരുകുറ്റി കെഎസ്ഇബി ഓഫീസിന് മുന്നില്‍ സമരം നടത്തി വരികയായിരുന്നു. ഇതിലും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പ്രസാദ് ആത്മഹത്യയ്ക്ക് ഒരുങ്ങിയതെന്നാണ് വിവരം.