കണ്ണൂര്‍: കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന് പിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്. റെയ്ഡില്‍ മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും പിടിച്ചെടുത്തു. ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് റെയ്ഡ് നടത്തിയത്. രണ്ട് മൊബൈല്‍ ഫോണുകളാണ് കണ്ടെത്തിയത്. ജയിലിലെ ആറാം ബ്ളോക്കില്‍ നിന്നാണ് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും കണ്ടെടുത്തത്.
അതേസമയം, തുടര്‍ച്ചയായി ജയിലില്‍ മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതോടെ പരിശോധന ഇനിയും തുടരുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് അറിയിച്ചു. ആരില്‍ നിന്നാണോ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നത് അവരെ ജയില്‍ മാറ്റാനാണ് നിര്‍ദ്ദേശം. ഇതുകൂടാതെ ഫോണുകളില്‍ ഉപയോഗിക്കുന്ന സിം കാര്‍ഡുകള്‍ കണ്ടെത്താനും നിര്‍ദ്ദേശമുണ്ട്.
പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ ഒന്നിലും സിം കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ ഉപയോഗിച്ച ആളെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്.