തിരുവനന്തപുരം: കര്‍ഷക വായ്പകള്‍ക്ക് മോറട്ടോറിയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി അടുത്തമാസം ചര്‍ച്ച നടത്തും. അടുത്തമാസം 10 ന് ഉച്ചയ്ക്ക് 12 നാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി ചര്‍ച്ച നടത്തുക.
കര്‍ഷക വായ്പകള്‍ക്ക് മോറട്ടോറിയം അനുവദിക്കുന്നതിന് റിസര്‍ബാങ്ക് അനുമതി നിഷേധിച്ചിരുന്നു, ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഎസ് സുനില്‍ കുമാര്‍ ഗവര്‍ണറെ കാണുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കര്‍ഷക വായ്പകള്‍ക്ക് മോറട്ടോറിയം നീട്ടണമെന്ന സര്‍ക്കാര്‍ നിലപാട് മന്ത്രി ആര്‍ബിഐ ഗവര്‍ണര്‍ക്ക് മുമ്പാകെ വെക്കും.
കര്‍ഷക വായ്പയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച മുഖ്യമന്ത്രി സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം വിളിച്ചുകൂട്ടിയിരുന്നു. കര്‍ഷകരെ കടക്കെണിയിലാക്കുന്ന നടപടിയിലേക്ക് തള്ളിവിടാന്‍ ഒരുക്കമെല്ലെന്ന് യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.