കൊച്ചി: കുട്ടികളുടെ സംരക്ഷണാവകാശം നേടിയെടുക്കുന്നതിനായി പിതാവ് കുഞ്ഞിനെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന രീതിയിലുള്ള പരാതികളുടെ എണ്ണം കൂടിവരുന്നതായി ഹൈക്കോടതി. പോക്സോ നിയമപ്രകാരമെടുക്കുന്ന ഇത്തരം കേസുകളില്‍ സൂക്ഷമ പരിശോധന വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മലപ്പുറം ജില്ലക്കാരനായ വ്യക്തിക്കെതിരേ ഭാര്യയുടെ വീട്ടുകാര്‍ നല്കിയ പോക്സോ നിയമപ്രകാരമുള്ള അപ്പീല്‍ തള്ളിയ ശേഷമാണ് ഹൈക്കോടതിയുടെ പ്രതികരണം. നാലുകൊല്ലം മുന്‍പാണ് കുടുംബകോടതിയില്‍ അമ്മ നഷ്ടപ്പെട്ട കുഞ്ഞിന്റെ സംരക്ഷണാവകാശത്തെ ചൊല്ലി കുഞ്ഞിന്റെ അമ്മ വീട്ടുകാര്‍ ഹര്‍ജി നല്‍കിയത്. കുഞ്ഞിന്റെ ക്ഷേമത്തിനു ചേരാത്തവിധമുള്ള പെരുമാറ്റം അച്ഛന്റെ ഭാഗത്തുനിന്നുണ്ടായതായി ഇതില്‍ പറഞ്ഞിരുന്നു.
എന്നാല്‍ കുഞ്ഞ് ലൈംഗിക ചൂഷണത്തിനിരയായെന്ന പരാതി തെളിയിക്കുന്ന രേഖകള്‍ കുടുംബകോടതിക്കു മുന്നിലുണ്ടായിരുന്നില്ല. തുടര്‍ന്ന് അമ്മ നഷ്ടപ്പെട്ട കുഞ്ഞിന്റെ സ്ഥിരം സംരക്ഷണാവകാശം അച്ഛന് നല്കി ഒറ്റപ്പാലം കുടുംബകോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ അമ്മ വീട്ടുകാര്‍ ഹൈക്കോടതിയില്‍ പോക്സോ നിയമപ്രകാരമുള്ള അപ്പീല്‍ നല്കി.
ചൂഷണത്തിനിരയായെന്ന പരാതിക്ക് തെളിവ് ഹാജരാക്കാന്‍ അമ്മവീട്ടുകാര്‍ക്കായില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി കുടുംബ കോടതിയുടെ ഉത്തരവ് അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇത്തരം പരാതികളിലെ അന്വേഷണ വിവരങ്ങളും കേസ് സാഹചര്യവും സൂക്ഷ്മമായി വിലയിരുത്തണമെന്ന് ഹൈക്കോടതി കുടുംബകോടതിക്ക് നിര്‍ദേശവും നല്കി.
അപ്പീല്‍ തള്ളിയ ജസ്റ്റിസ് കെ ഹരിലാലും ജസ്റ്റിസ് ടിവി അനില്‍കുമാറുമുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഈ നിര്‍ദേശം. അമ്മയുടെ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ കുടുംബകോടതിയില്‍ വെച്ച് കാണാനുള്ള സമയവും ഹൈക്കോടതി കൂട്ടിനല്‍കി.