കോഴിക്കോട്: മുഖംമറച്ചുള്ള വസ്ത്രധാരണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിലക്കേര്‍പ്പെടുത്തി എംഇഎസ് സര്‍ക്കുലര്‍ ഇറക്കിയതോടെ നിഖാബ് വീണ്ടും ചര്‍ച്ചയാവുന്നു. മുഖാവരണം ധരിക്കാന്‍ താല്പര്യമുള്ളവര്ക്ക് നിയമ സഹായവുമായി മുസ്ലീം സംഘടന രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. എസ്കെഎസ്എസ്എഫാണ് നിയമസഹായം വാഗ്ദാനം ചെയ്യുന്നത്.
നിഖാബ് ധരിച്ച് ക്യാംപസുകളില്‍ വരാന്‍ താല്പര്യമുള്ളവര്ക്ക് നിയമ സഹായം നല്കാന് തയ്യാറാണെന്നാണ് എസ്കെഎസ്എസ്എഫ് അറിയിച്ചത്. കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് എംഇഎസ് സര്‍ക്കുലര്‍ ഇറക്കിതോടെയാണ് നിഖാബ് ചര്‍ച്ചയാവുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് വിവാദം കൊഴുത്തത്.
സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമാണ് എസ്കെഎസ്എസ്എഫ്. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നത് വ്യക്തിസ്വാതന്ത്രത്തിന്റെ ഭാഗമാണെന്നാണ് എസ്കെഎസ്എസ്എഫിന്റെ നിലപാട്. അതിനാലാണ് മുഖാവരണം ധരിച്ച് ക്യാംപസുകളില്‍ വരാന്‍ താല്പര്യമുള്ളവര്ക്ക് ആവശ്യമായ നിയമസഹായം വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥി സംഘടന എത്തിയത്.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇത്തരത്തില്‍ സഹായം ലഭിക്കും. സംഘടന ഇതിനായി 12 അംഗ അഭിഭാഷകരുടെ പാനല്‍ രൂപീകരിച്ചിട്ടുണ്ട്. ചിലരുടെ മതവിരുദ്ധ താല്പര്യങ്ങള് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിച്ചേല്‍പ്പിച്ചാല്‍ ശക്തമായി ചെറുക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്കുന്നു. സമാന മനസ്ക്കരെ ചേര്‍ത്തുകൊണ്ട് മുഖാവരണ നിരോധനത്തിനെതിരെ ശക്തമായ നീക്കങ്ങള്‍ നടത്താനാണ് എസ് കെഎസ്എസ്എഫ് തീരുമാനം.