കോട്ടയം: പ്രേത ബാധ ഒഴിപ്പിക്കാനായി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കി ആഭിചാരക്രിയക്കാരന്. കോട്ടയം ജില്ലയിലാണ് സംഭവം. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകളാണ് പ്രേത ബാധയുണ്ടെന്ന പേരില്‍ ക്രൂര പീഡനത്തിന് ഇരയായത്. ശരീരമാസകലം ചൂരലിന് അടിയും മര്‍ദ്ദനവുമേറ്റ പെണ്‍കുട്ടിയെ അണുബാധയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിവസങ്ങള്‍ക്കു മുന്‍പ് കോട്ടയം ജില്ലയുടെ പടിഞ്ഞാറ് ഒരു കേന്ദ്രത്തിലായിരുന്നു സംഭവം. കോട്ടയത്ത് ജോലി ചെയ്യുന്ന പോലീസുകാരന് തന്റെ മകള്‍ക്ക് പ്രേതബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ആഭിചാരക്രിയക്കാരനെ സമീപിക്കുകയായിരുന്നു. ആഭിചാരക്രിയകള്‍ക്കായി ഇരുപതിനായിരം രൂപ പൂജാരിക്ക് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ നിലത്ത് കളം വരച്ച് പെണ്‍കുട്ടിയെ അതിനുള്ളിലിരുത്തി ഹോമവും പൂജകളും ആഭിചാരക്രിയകളും നടത്തി.
ഒരു ദിവസം മുഴുവന്‍ പൂജ ചെയ്ത ശേഷം പെണ്‍കുട്ടി തളര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശരീരത്തിലെ പ്രേതബാധ ഇറങ്ങിപ്പോകാന്‍ ശരീരമാസകലം ചൂരല്‍ കൊണ്ട് അടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ശരീരമാസകലം മുറവേറ്റ പെണ്‍കുട്ടിക്ക് പിന്നീട് അണുബാധയേറ്റു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നുവരികയാണ്.