തൃശൂര്‍: തൃശൂര്‍ പൂരത്തിന് ആരോഗ്യമുള്ള ആനകളെ നല്കാന് തയ്യാറാണെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. തെച്ചിക്കോട്ട് രാമചന്ദ്രന് എഴുന്നള്ളിപ്പിന് വിലക്കേര്പ്പെടുത്തിയില് പ്രതിഷേധിച്ച് ആനകളെ പൂരത്തിന് വിട്ട് നല്‍കില്ലെന്ന് ആന ഉടമകള്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് ആനകളെ നല്കാന് തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്.
തൃശൂര്‍ പൂരത്തിന് പങ്കെടുക്കുന്നതില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ഈ മാസം പതിനൊന്നു മുതല്‍ സംസ്ഥാനത്തെ ഒരു പരിപാടികള്‍ക്കും ആനകളെ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ആനയുടമകളുടെ തീരുമാനം.
വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഉത്സവങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആനയുടമ സംഘം ഭാരവാഹികള്‍ ആരോപിച്ചു. ഇതേതുടര്‍ന്നാണ് തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടുനല്‍കുമെന്ന് അറിയിച്ചുകൊണ്ട് ഗുരുവായൂര്‍ ദേവസ്വം രംഗത്തെത്തിയത്. പൂരപ്രതിസന്ധിയ്ക്ക് ഇതോടെ വിരാമമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.