തൃശൂര്‍: സ്വന്തം മക്കളെപ്പോലെ ആനയെ സ്നേഹിച്ച ഒരു പാപ്പാന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ആനപ്രേമികളെ സങ്കടത്തിലാക്കി ചെര്‍പ്പുളശ്ശേരി പാര്ത്ഥന് എന്ന കൊമ്പന് ചരിഞ്ഞതോടെ താന്‍ പൊന്നു പോലെ കൊണ്ട് നടന്ന ആനയുടെ വിയോഗം ഏറെ തളര്‍ത്തിയത് പാപ്പാനെയാണ്. പാര്ത്ഥന് അവസാനയാത്ര നല്കുമ്പോള് കെട്ടിപ്പിടിച്ച് അലമുറയിട്ട് കരയുന്ന പാപ്പാന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളെയും നൊമ്പരപ്പെടുത്തുന്നു.
ആവേശോജ്വലമായ തൃശൂര്‍ പൂരത്തിന് കൊടിയേറിയ ദിനത്തില്‍ തന്നെയാണ് ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്റെ വിയോഗം ആനപ്രേമികളെ ഒന്നടങ്കം തളര്‍ത്തിയത്. ‘എന്റെ കുഞ്ഞാ..’ എന്ന് ഉറക്കെ വിളിച്ച് പൊട്ടിക്കരയുന്ന അവന്റെ പാപ്പാനെ ആശ്വസിപ്പിക്കാന്‍ എത്തിയവര്‍ പോലും ഈ ദൃശ്യങ്ങള്‍ കണ്ട് ഒരു നിമിഷം വിതുമ്പിപ്പോയിരുന്നു. ഉളളുലയ്ക്കുന്ന നിമിഷങ്ങളാണ് പിന്നീട് കടന്നുപോയത്.
പാര്‍ത്ഥനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന പാപ്പാന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും നിറയുകയാണ്. സ്വന്തം കുഞ്ഞുങ്ങളെ പോലെ തന്നെ ആനയെയും നോക്കുന്ന പാപ്പാന്മാരുടെ സ്നേഹത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ ദൃശ്യങ്ങള്‍. കുഞ്ഞന്‍ എന്ന് ആരാധകരും പ്രിയപ്പട്ടവരും സ്നേഹത്തോടെ വിളിക്കുന്ന ചെര്‍പ്പുളശ്ശേരി പാര്ത്ഥന് എന്ന കൊമ്പന്റെ അന്ത്യയാത്രയിലെ നിമിഷങ്ങള്‍ ആനപ്രേമികളെ ഒന്നടങ്കം തളര്‍ത്തി.
പാപ്പാന്റെ കരച്ചില് കണ്ട് ചുറ്റിലുമുള്ളവരുടെയും കണ്ണ് നിറയുന്നതും വീഡിയോയില്‍ കാണാം. അവസാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ജനം പാര്ത്ഥന് യാത്രനല്‍കുമ്പോഴാണ് പാപ്പാന് അവന്റെ മുഖത്ത് കെട്ടിപ്പിടിച്ച് കരഞ്ഞത്. മറ്റ് രണ്ടു പേര് ചേര്‍ന്ന് പാപ്പാനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാപ്പാന് പാര്ത്ഥന് മേല്‍ പിടിമുറുക്കുയായിരുന്നു. മതിയാവോളം അവനെ കെട്ടിപ്പിടിച്ച് കരഞ്ഞ് പാപ്പാന് അവന് അവസാനയാത്രയയപ്പ് നല്കി.
തൃശൂര്‍ പൂരത്തിന് കൊടിയേറിയ ദിനത്തില്‍ തന്നെ ചെര്‍പ്പുളശ്ശേരി പാര്ത്ഥന് ചരിഞ്ഞത് ആനപ്രേമികളെ വിഷമത്തിലാക്കി. കേരളത്തില്‍ ഏറെ ആരാധകരുള്ള കൊമ്പനായിരുന്നു 44 വയസുള്ള പാര്ത്ഥന്. തൃശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാറുള്ളത് പാര്ത്ഥന് ആയിരുന്നു. എന്നാല്‍ അസുഖത്തെ തുടര്‍ന്ന് പാര്ത്ഥന് ഏറെ നാളായി ചികിത്സയിലായിരുന്നു. ചെര്‍പ്പുളശ്ശേരി എസ്കെ തറവാട്ടിലെ ആനയാണ് ചെര്‍പ്പുളശ്ശേരി പാര്ത്ഥന് എന്ന കുഞ്ഞന്‍.