തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്ന ഒഡിഷയ്ക്ക് സഹായഹസ്തവുമായി കേരളം. തങ്ങളെക്കൊണ്ട് സഹായിക്കാന്‍ സാധ്യമായത് എല്ലാം കേരളം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതുസംബന്ധിച്ച് ഒഡിഷ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കലിയടങ്ങാതെ സര്‍വ്വതും തകര്‍ത്തെറിഞ്ഞുകൊണ്ട് വീശിയടിക്കുന്ന ഫോനി ചുഴലിക്കാറ്റിന് ഇരയായ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും സാധ്യമായ എല്ലാ സഹായവും നല്‍കും. കേരളം എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇതുവരെ 26 പേരാണ് മരണമടഞ്ഞത്. ഒഡിഷയില്‍ 12 പേരും ബംഗ്ലാദേശില്‍ 14 പേരും മരിച്ചു. 63 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 36 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 16 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. പുരിയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്.