തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറക്കും മുമ്പ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോമുകള്‍ സ്കൂളുകളില്‍ എത്തും. വ്യവസായ മന്ത്രി ഇപി ജയരാജനും വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും നടത്തിയ ചര്‍ച്ചയിലാണ് യൂണിഫോമുകള്‍ ഉടന്‍ വിതരണം ചെയ്യാന്‍ തീരുമാനമായത്.
നിലവില്‍ തുണികള്‍ പായ്ക്ക് ചെയ്ത് വിതരണം തുടങ്ങിയിട്ടുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കും എയ്ഡഡ് മേഖലയില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കുമാണ് സൗജന്യ യൂണിഫോം വിതരണം ചെയ്യുക. ഏകദേശം 8.5 ലക്ഷം വിദ്യാര്‍ഥികളാണുള്ളത്. ഇവര്‍ക്കെല്ലാം കൂടി 42 ലക്ഷം മീറ്റര്‍ തുണിയാണ് ആവശ്യം. സംസ്ഥാനത്തെ കൈത്തറി സഹകരണ സംഘങ്ങളില്‍ നിന്നാണ് ഇതിന് ആവശ്യമായ തുണികള്‍ ശേഖരിക്കുന്നത്.
ഓരോ സ്കൂളിന്റെയും കളര്‍കോഡിന് അനുസരിച്ച് തുണികള്‍ മുറിച്ച് പായ്ക്ക് ചെയ്തു ലേബല്‍ ഒട്ടിച്ച് അതത് എഇഒമാരെ ഏല്‍പ്പിക്കും. സംസ്ഥാനത്തെ പരമ്പരാഗത തൊഴില്‍ മേഖലയായ കൈത്തറി വ്യവസായത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സൗജന്യ കൈത്തറി യൂണിഫോം പദ്ധതി നടപ്പാക്കിയത്. കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഹാന്‍വീവും, എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഹാന്‍ടെക്സുമാണ് കൈത്തറി യൂണിഫോം തുണി വിതരണം ചെയ്യുന്നത്.