ആലുവ: മദ്യപിച്ച് പൂസായി ആലുവ നഗരസഭാ ഓഫീസില്‍ എത്തിയ ജീവനക്കാരന് അടിവസ്ത്രം മാത്രം ധരിച്ച് അഴിഞ്ഞാടിയത് ഒരു മണിക്കൂറോളം. തൊഴിലാളികള്‍ക്കും ഓഫീസിലെത്തിയ പൊതുജനങ്ങള്‍ക്കും ഒരുപോലെ തലവേദന സൃഷ്ടിച്ച ഉദ്യോഗസ്ഥനെ ഒടുവില്‍ ബന്ധുക്കളെത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്.
ജോലിക്കിടെയാണ് ഇയാള്‍ മദ്യപിച്ചെത്തിയത്. തുടര്‍ന്ന് വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ച്മാറ്റി അടിവസ്ത്രം മാത്രം ധരിച്ച് അഴിഞ്ഞാടുകയായിരുന്നു. മറ്റു ജീവനക്കാരെ അസഭ്യം പറഞ്ഞും സ്റ്റെപ്പില്‍ കിടന്നും നഗരസഭാ ഓഫീസിലുള്ളവര്‍ക്കും പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥന് ഒരുപോലെ തലവേദന സൃഷ്ടിച്ചു. ഏകദേശം ഒരു മണിക്കൂറോളമാണ് ഉദ്യോഗസ്ഥന് അടിവസ്ത്രം മാത്രം ധരിച്ച് ഓഫീസില്‍ വിലസിയത്.
ശേഷം ഒന്നാം നിലയിലേക്ക് കയറുന്ന നടയില്‍ കിടന്ന ഇയാളെ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് പിടിച്ച് വലിച്ച് മുറ്റത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അധികതര്‍ വിവരം വീട്ടുകാരെ അറിയിച്ചു. ഓട്ടോയുമായി എത്തിയ വീട്ടുകാര്‍ ഇയാളെ നഗരസഭയുടെ പുറകുവശത്തെ ഗെയ്റ്റിലൂടെ കൊണ്ടുപോവുകയായിരുന്നു.
മദ്യപിച്ചെത്തിയ ഈ ഉദ്യോഗസ്ഥനെതിരെ ഇതിന് മുമ്പും പരാതി ഉയര്‍ന്നിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഇയാള്‍ നഗരസഭാ ഓഫിസിലെത്തിയ ഒരാളെ അടിച്ച് പരിക്കേല്‍പ്പിച്ചു. നഗരസഭാധ്യക്ഷയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാതെ പിന്നീട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.