തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകുന്നതായി പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി- ഫെബ്രുവരി മാസങ്ങള്‍ക്കിടയില്‍ മാത്രം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 571 പോക്സോ കേസുകളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരത്തു നിന്നാണ്.
84 കേസുകളാണ് തിരുവനന്തപുരത്തു നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം എറണാകുളം എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. മലപ്പുറത്ത് 73 കേസുകളും എറണാകുളത്ത് 58 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാനത്ത് യഥാസമയം പോക്സോ കേസുകളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കുടുംബ ബന്ധങ്ങളുടെ മൂല്യം നഷ്ടപ്പെടുന്നതാണ് കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. മാതാപിതാക്കള്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയാവുന്ന ചെറിയ പ്രശ്നങ്ങളാണ് ഇന്ന് പല കുടുംബ ബന്ധങ്ങളും തകര്‍ക്കുന്ന വലിയ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നത്.
പരസ്പരം പരിഹാരം കണ്ടെത്താവുന്ന പ്രശ്നങ്ങളിലേക്ക് മാതാപിതാക്കള്‍ മൂന്നാമതൊരാളെ ഇടപെടാന്‍ അനുവദിക്കുകയും ഇവരാണ് പലപ്പോഴും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി തിരുവനന്തപുരം റൂറല്‍ എസ്പി ബി അശോകന് പറയുന്നു. കൂടാതെ വര്‍ധിക്കുന്ന ലഹരി ഉപയോഗവും കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങളിലേക്ക് വഴിവെയ്ക്കുന്നതായും പോലീസ് പറയുന്നു.