ആലത്തൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രമ്യാ ഹരിദാസ് വിജയിക്കുകയാണെങ്കില്‍ കുന്ദമംഗലത്തെ ഭരണം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനായി യുഡിഎഫ് ജില്ലാ നേതൃത്വം രമ്യയുടെ രാജിയെക്കുറിച്ച് നേരത്തെ തന്നെ ആലോചിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് രമ്യ ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ രമ്യ ആലത്തൂരില്‍ ജയിച്ചാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയും പഞ്ചായത്ത് അംഗത്വവും ഒഴിയേണ്ടിവരും. ഈ സാഹചര്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫിന് ഭരണം നഷ്ടമാകാന്‍ സാധ്യതയുണ്ട്.
19 അംഗങ്ങളുള്ള കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് പത്തും എല്‍ഡിഎഫിന് ഒമ്പത് അംഗങ്ങളുമാണ് ഉള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം രമ്യാ ഹരിദാസ് രാജിവെച്ചാല്‍ ഇരുമുന്നണികള്‍ക്കും ഒമ്പത് സീറ്റ് വീതമാകും. ഈ സന്ദര്‍ഭത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തുല്യനില വരുകയും നറുക്കെടുപ്പ് ആവശ്യമായി വരുകയും ചെയ്യും.
രമ്യ ഇപ്പോള്‍ രാജിവെച്ചാല്‍ ലോക്സഭ ഫലപ്രഖ്യാപനത്തിന് മുമ്പേ ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. അതുവരെ രമ്യയ്ക്ക് അംഗത്വം നിലനിര്‍ത്താന്‍ കഴിയുകയും വോട്ടു ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ജയം ഉറപ്പിക്കാന്‍ സാധിക്കുമെന്നുമാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.