തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലനില്‍ക്കെ കേരളതീരത്ത് നാളെ രാത്രി പതിനൊന്നര വരെ ഒന്നര മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി.
തിരമാല ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കേരളത്തില്‍ 28ന് വൈകുന്നേരം മുതല്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും 29, 30 തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ വ്യാപകമായി മഴ പെയ്യാനും സാധ്യതയുണ്ട്. ചില സ്ഥലങ്ങളില്‍ 29, 30 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇതിന് മുന്നോടിയായി 30ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.