കൊച്ചി: എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര് മരിച്ചു. മുളന്തുരുത്തി വെട്ടിക്കല്‍ സ്വദേശി മണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകന് അനക്സ് (15) എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് വേനല്‍ മഴ എത്തിയതിന് പിന്നാലെയാണ് ഇടിമിന്നല്‍ മരണം. അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴപെയ്തു. അതെസമയം, സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വ്യാപകമായി വേനല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നാളെ കനത്ത മഴ പെയ്യുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ റാന്നിയില്‍ പെയ്ത മഴയില്‍ കനത്ത നാശനഷ്ടം ഉണ്ടായിരുന്നു. മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും തകരുകയും പത്ത് വീടുകള്‍ ഭാഗീകമായും തകര്‍ന്നിരുന്നു. കനത്ത കാറ്റില്‍ വന്മരങ്ങളും കടപുഴകിയിരുന്നു.