തുറവൂര്‍: സമൂഹമാധ്യമമായ വാട്സ്ആപ്പിലൂടെ സ്ത്രീകളുടെ വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരാതി. തുറവൂര്‍ കളരിക്കല്‍ പ്രദേശവാസികളായ 21 വീട്ടമ്മമാരാണ് പരാതിയുമായി ജില്ലാ പോലീസ് മേധാവിയെ സമീപിച്ചത്. എന്നാല്‍ സംഭവത്തില്‍ പോലീസ് കാര്യമായി ഇടപെടുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
അഞ്ചു പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്. ഈ മേഖലയില്‍ താമസിക്കുന്ന ധാരാളം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇവരുടെ കൈവശമുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. സ്ത്രീകളുടെ ചിത്രങ്ങളുടെ തലവെട്ടിയെടുത്ത ശേഷം നഗ്നചിത്രങ്ങളുമായി മോര്‍ഫ് ചെയ്താണ് വാട്സ്ആപ്പ് ഗ്രൂപ്പുലൂടെ പ്രചരിപ്പിക്കുന്നത്.
വാട്സ്ആപ്പ് ഗ്രൂപ്പുകളിലുള്ള അംഗങ്ങള്‍ തമ്മില്‍ അഭിപ്രായഭിന്നതയുണ്ടായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാക്കളില്‍ ഒരാള്‍ സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ഫോട്ടോയും ചാറ്റ് ഹിസ്റ്ററിയും എല്ലാം പ്രദേശവാസിയെ കാണിച്ചു. സംഭവം അറിഞ്ഞ് ആദ്യം എല്ലാവരും ഞെട്ടിയെങ്കിലും പിന്നീട് പരാതിയുമായി കുത്തിയതോട് പോലീസിനെ സമീപിച്ചു.
എന്നാല്‍ ഇവിടെ നിന്നും പോലീസുകാര്‍ പരാതിക്കാരെ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ ജില്ലാ പോലീസ് മേധാവിയെ സമീപിച്ചത്. ഇതിനിടെ പ്രതിയാക്കപ്പെട്ടവരെ രക്ഷിക്കാനാണ് കുത്തിയതോട് പോലീസ് ശ്രമിക്കുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.