കൊച്ചി: തങ്ങളുടെ ദുരിതജീവിതം കാണാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നില്ല, അതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുമെന്ന് കൊച്ചി അമ്പലമുകള്‍ അടൂര്‍ക്കര നിവാസികള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്ന നേതാക്കന്മാര് വോട്ടു ചോദിച്ച് ഈ പരിസരത്തേക്ക് വരേണ്ടതില്ലെന്ന നോട്ടീസും ഇവര്‍ പതിച്ചിട്ടുണ്ട്.
ബിപിസിയില്‍ കൊച്ചിന് റിഫൈനറിക്ക് സമീപത്തുളള അമ്പലമുകള്‍ സൗത്ത് വെസ്റ്റ് റെസിഡന്‍സ് അസോസിയേഷനാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പരസ്യമായി അറിയിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി തങ്ങള്‍ അനുഭവിക്കുന്ന ദുരിതവും കഷ്ടപ്പാടുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.
തങ്ങളെ തിരിഞ്ഞു നോക്കാത്ത നേതാക്കന്മാര് വോട്ട് ചോദിച്ച് ഇങ്ങോട്ടേക്ക് വരേണ്ടതില്ലെന്ന നോട്ടീസും പ്രതിഷേധമായി അമ്പലമുകള്‍ നിവാസികള്‍ കവലകളില്‍ പതിച്ചിട്ടുണ്ട്. കമ്പനികളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ് ഈ പ്രദേശം. ഇവിടുന്ന് പുറന്തള്ളുന്ന മാലിന്യം കാരണം പലരും നിത്യരോഗികളായി മാറിയിരിക്കുകയാണ്. 45 ഏക്കര്‍ വിസ്തൃതിയുള്ള അടൂര്ക്കരയില് 34 കുടുംബങ്ങളാണ് താമസിക്കുന്നത്.
ഒരു അപകടം സംഭവിച്ചാല്‍ പോലും പെട്ടെന്ന് പുറത്ത് കടക്കാന്‍ പറ്റാത്ത ഈ പ്രദേശത്തു നിന്നും പലരും താമസം മാറിയിട്ടുണ്ട്. ഇത്തരം കമ്പനികളുടെ അശാസ്ത്രീയ വികസനത്തിന് ഒത്താശ ചെയ്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളെ കാലങ്ങളായി അവഗണിക്കുകയാണെന്നും ഇത്തരത്തിലുള്ളവരെ എന്തിന് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും അമ്പലമുകള്‍ നിവാസികള്‍ ചോദിക്കുന്നു. തങ്ങളെ അവഗണിക്കുന്നവര്‍ക്ക് വോട്ട് ചെയ്യില്ലെന്ന നിലപാടിലാണ് ഇവര്‍.