കര്‍ണാല്‍: ഏറെക്കാലം ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ഭരിച്ചിട്ടും ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാത്ത രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്നും ജനങ്ങള്‍ ചവിട്ടിപ്പുറത്താക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. രാഹുലിന്റെ ഭരണത്തെക്കുറിച്ച് അറിഞ്ഞാല്‍ അമേഠിക്ക് തന്നെ തിരിച്ച് പോയ്ക്കോളൂ എന്ന് പറഞ്ഞ് വയനാട്ടുകാര്‍ രാഹുലിനെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ ഇക്കാര്യം പറഞ്ഞത്. കാലങ്ങളായി അമേഠി രാഹുലിന്റെ കൈകളിലാണ്. ഓരോ തവണ തെരഞ്ഞെടുപ്പ് വരുമ്പോഴും നിരവധി വാഗ്ദാനങ്ങളാണ് രാഹുല്‍ നല്‍കുന്നത്. എന്നാല്‍ അമേഠിക്ക് വേണ്ടി ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം രാഹുലിനെ വിമര്‍ശിച്ചു കൊണ്ട് പറഞ്ഞു.
‘രാഹുല്‍ ജീ 15 വര്‍ഷത്തെ നിങ്ങളുടെ ഭരണം അമേഠി ചോദ്യം ചെയ്യും. നിങ്ങള്‍ കേരളം സന്ദര്‍ശിക്കുമ്പോള്‍ അമേഠി നിങ്ങളോട് ചോദിക്കും നിങ്ങള്‍ എന്താണ് ഇത്രയും കാലമായി ഞങ്ങള്‍ക്ക് വേണ്ടി ചെയ്തതെന്ന്. അമേഠിക്ക് വേണ്ടി എന്തെങ്കിലും ചെയ്തെന്ന് ബോധ്യമായാലേ വയനാട്ടില്‍ നിങ്ങള്‍ക്ക് ജയിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം അമേഠിയിലേക്ക് തിരിച്ച് പോകൂ എന്ന് പറഞ്ഞ് വയനാട്ടിലെ ജനങ്ങള്‍ നിങ്ങളെ തൊഴിച്ച് പുറത്താക്കും’ ഖട്ടര്‍ പറഞ്ഞു.
ഏപ്രില്‍ നാലിനാണ് വയനാട്ടില്‍ മത്സരിക്കുന്നതിനായി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അമേഠിയില്‍ മത്സരിക്കുന്നതിന് പുറമെയാണ് രാഹുല്‍ വയനാട്ടിലും സ്ഥാനാര്‍ത്ഥിയായത്. ഏപ്രില്‍ 23നാണ് കേരളത്തിലെ 20 ലോക് സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23 നാണ് വോട്ടെണ്ണല്‍.
ഉത്തര്‍പ്രദേശില്‍ 80 ലോക്സഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.