തൃശ്ശൂര്‍: കേരളം കുടിവെള്ളക്ഷാമത്തിന്റെ വക്കിലേക്ക്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് സംസ്ഥാന ഭൂജല വകുപ്പ് പൂര്‍ത്തിയാക്കിയ ഭൂഗര്‍ഭജല സാന്നിധ്യ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങളാണ് ആശങ്കയ്ക്ക് വഴിവെക്കുന്നത്. കേരളത്തിലെ ഭൂഗര്‍ഭജലത്തിന്റെ നിരപ്പ് രണ്ടുമുതല്‍ ആറുമീറ്റര്‍വരെ താഴ്ന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഭൂഗര്‍ഭജലം താഴുന്നത്.
ആറുമീറ്റര്‍ വരെ ഭൂഗര്‍ഭജലം താഴ്ന്നതായി കണ്ടെത്തിയത് തൃശ്ശൂര്‍ ജില്ലയിലെ എളനാട്, ആര്‍ത്താറ്റ്, വരവൂര്‍, വടക്കേത്തറ എന്നിവിടങ്ങളിലാണ്. കേരളത്തിലെ കിണറുകളില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഉണ്ടായ ഭൂഗര്‍ഭജല വ്യതിയാനവും സംസ്ഥാന ഭൂജല വകുപ്പ് പഠനവിധേയമാക്കി.
തൃശ്ശൂരിലെ 80 ശതമാനം കിണറുകളിലും ഭൂഗര്‍ഭജല നിരപ്പ് കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഭൂഗര്‍ഭജല നിരപ്പ് ഏറ്റവും കുറഞ്ഞ വര്‍ഷമാണിത്. അതുകൊണ്ടുതന്നെ ശുദ്ധജലം സൂക്ഷിച്ച് ഉപയോഗിക്കണം എന്ന് കര്‍ശന നിര്‍ദേശമുണ്ട്.