ചവറ: പഠിച്ച പുസ്തകങ്ങള്‍ ഇനി ഉപേക്ഷിക്കണ്ട. അവ ശേഖരിക്കാന്‍ പുസ്തകവണ്ടിയുമായി ചങ്ങന് കുളങ്ങര വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എത്തും. പഴയ പുസ്തകങ്ങളും പഠനസംബന്ധമായ മറ്റ് പ്രസിദ്ധീകരണങ്ങളും ഇവര്‍ കൊണ്ടുപോകും. സ്കൂള്‍ അധികൃതര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി ഓച്ചിറ മുതല്‍ ചവറവരെയുള്ള ഐഒസി പെട്രോള്‍ പമ്പുകളില്‍ പ്രത്യേകം പുസ്തകപ്പുരകള്‍ തയ്യാറാക്കിയിട്ടുണ്ട്.
വിവിധ സിലബസിലുള്ള എല്ലാ പുസ്തകങ്ങളും ശേഖരിച്ച് സ്കൂളുകള്‍ക്ക് നല്‍കും. പുതിയ സംരംഭത്തിന് കുട്ടികളും അധ്യാപകരും തുടക്കം കുറിച്ചിരിക്കുന്നത് അക്ഷരങ്ങള്‍ നശിപ്പിക്കാനുള്ളതല്ല എന്ന സന്ദേശവുമായാണ്. പുസ്തകവണ്ടി രണ്ടാഴ്ച കൂടുമ്പോള്‍ പെട്രോള്‍ പമ്പിലെത്തി പുസ്തകങ്ങള്‍ ശേഖരിക്കും. ഇത്തരത്തില്‍ ശേഖരിക്കുന്ന പുസ്തകങ്ങള്‍ ക്ലാസ് ലൈബ്രറികളിലേക്ക് നല്‍കുന്നതിലൂടെ അവ കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താനാവും എന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
നാടകകൃത്ത് പ്രവീണ്‍ വടക്കും തലയാണ് ചവറ കൊറ്റന്‍ കുളങ്ങര പെട്രോള്‍ പമ്പില്‍ നടന്ന പുസ്തകപ്പുരയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സ്കൂള്‍ ചെയര്മാന് രാജശേഖരന് പിള്ള പുസ്തകവണ്ടി ഫ്ളാഗ് ഓഫ് ചെയ്തു.