കോട്ടയം: നാടിനെ നടുക്കിയ ദുരഭിമാനക്കൊലയ്ക്ക് ഇരയായി മരണപ്പെട്ട കെവിന് വധക്കേസില്‍ വിചാരണ ഈ മാസം 24ന് ആരംഭിക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ജൂണ്‍ ആറ് വരെ തുടര്‍ച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.
ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന് നീനുവിനെ വിവാഹം ചെയ്തതിലുള്ള ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. നീനുവിന്റെ അച്ഛന് ചാക്കോ സഹോദരന് സാനു ചാക്കോ ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍. കൊലക്കുറ്റം ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ വിവാഹത്തിന്റെ പേരിൽ ഭാര്യാ സഹോദരന്റെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.