കൊച്ചി: ഡാം മാനേജ്മെന്റിലെ ഗുരുതര വീഴ്ചയാണ് കേരളത്തെ മഹാപ്രളയത്തിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തെ മുക്കിത്താഴ്ത്തിയ മഹാപ്രളയത്തെ കുറിച്ച് തയ്യാറാക്കിയ അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എറണാകുളം പ്രസ്ക്ലബ്ബിന്റെ വോട്ടും വാക്കും പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
പ്രളയം മനുഷ്യ നിര്‍മിതം തന്നെയാണെന്നും പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് എന്തിനാണ് ജുഡീഷ്യല്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രളയം സജീവ ചര്‍ച്ചയാക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടുവെന്ന് പറയാനാകില്ലെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പെട്ടെന്ന് ശ്രദ്ധ ലഭിക്കുന്നതിന് കാരണമായി എന്നത് സത്യമാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിനെ സംബന്ധിച്ച് രാഷ്ട്രീയ കേരളത്തില്‍ നിരവധി പ്രതികരണങ്ങളാണ് ഉയരുന്നത്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നു എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് ശ്രമം നടക്കുന്നത്, ഇത് അപലപനീയമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.