പാലോട്: വിദ്യാലയത്തില്‍ നിന്ന് വീണുകിട്ടുന്ന ഇടവേളകള്‍ ശില്പനിര്മ്മാണത്തിനായി മാറ്റിവെച്ച് ചെറ്റച്ചല്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ കുട്ടികള്‍ വിദ്യാലയം മനോഹരമാക്കുകയാണ്. ആദ്യം കമ്പികൊണ്ട് ശില്‍പ്പങ്ങളുടെ ചട്ടക്കൂട് നിര്‍മ്മിക്കും. പിന്നീട് അതില്‍ സിമന്റ്, ജില്ലി, മണല്‍ എന്നിവയുടെ മിശ്രിതം നിറയ്ക്കും. ഇങ്ങനെയാണ് ഈ കുട്ടികള്‍ ത്രിമാന ശില്പങ്ങള് ഉണ്ടാക്കുന്നത്.
ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ നേരത്തെ ടെറാക്കോട്ടയില്‍ വലിയ കുതിരയുടെ ശില്പങ്ങള് തീര്‍ത്ത് പ്രശസ്തിനേടിയിരുന്നു. ശില്പങ്ങളുടെ എണ്ണം കൂടിയതോടെ വിദ്യാലയത്തിന്റെ മുറ്റം സുന്ദരമായി. ഇത്തവണ ശില്പനിര്മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് റിയലിസ്റ്റിക് രീതിക്കുപകരം ജ്യോമെട്രിക് ശൈലിയാണ്. ഗണിതപഠനത്തിലെ ചതുരം, ത്രികോണം തുടങ്ങിയ രൂപങ്ങള്‍ ത്രിമാനഭംഗിയോടെ ഇവിടെ കുട്ടികള്‍ ഒരുക്കിയിട്ടുണ്ട്.
ശില്പനിര്മ്മാണം പൂര്‍ത്തിയാക്കിയത് എട്ട്, ഒന്‍പത് ക്ലാസുകളിലെ ഏഴ് കുട്ടികള്‍ രാപകല്‍ അധ്വാനിച്ചാണ്. പ്രിന്‍സിപ്പല്‍ കെഎസ് പ്രകാശ്കുമാറിന്റെ പിന്തുണയോടെ, പ്രശസ്ത ശില്പി യുടി വേണുവും ചിത്രകലാധ്യാപകന്‍ എആര്‍ വിനോദും ചേര്‍ന്ന് കുട്ടികളുടെ ഈ ശില്പനിര്മ്മാണത്തിനു നേതൃത്വം നല്കി.