വെള്ളനാട്: നീന്തലിലൂടെ പുതുതലമുറയുടെ ആരോഗ്യവും തൊഴില്‍ സാധ്യതകളും മുന്നില്‍ കണ്ട് വെള്ളനാട്ട് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച നീന്തല്‍ക്കുളം പായല്മൂടി നശിക്കുന്നു. 2002-03 കാലഘട്ടത്തില്‍ വെള്ളനാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തെ ആറ്റുവീട്ടില്‍ ചിറ നവീകരിച്ചാണ് നീന്തല്‍ക്കുളം നിര്‍മ്മിച്ചത്.
ഈ കുളത്തില്‍ നൂറിലധികം കുട്ടികളാണ് നീന്തല്‍ പരിശീലനം നടത്തിയിരുന്നത്. കുളത്തിന്റെ നവീകരണത്തിനായി വെള്ളനാട് പഞ്ചായത്ത് 45 ലക്ഷത്തിലധികം രൂപ വിവിധ ഘട്ടങ്ങളിലായി വിനിയോഗിച്ചു. കുട്ടികളുടെ പരിശീലനത്തിനുവേണ്ടി പ്രധാന കുളത്തിനൊപ്പം രണ്ടു ചെറിയ കുളങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
2006ല്‍ കുളത്തിന്റെ അറ്റകുറ്റപ്പണികള്‍ 4.5 ലക്ഷം രൂപ വിനിയോഗിച്ച് നടത്തി. പക്ഷേ പരിശീലകന് കൃത്യമായി പ്രതിഫലം ലഭിക്കാതായതോടെ കാര്യങ്ങള്‍ എല്ലാം നിന്നു. കുട്ടികളുടെ നീന്തല്‍ പരിശീലനം മുടങ്ങി. കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ നീന്തല്‍ക്കുളം പരിപാലിക്കാന്‍ ആളില്ല. ഇതോടെ പായലും മാലിന്യങ്ങളും അടിഞ്ഞ് നീന്തല്‍ക്കുളം നാശത്തിന്റെ വക്കിലാണ്.