കൊല്ലം: മുസ്ലീം ലീഗിനെതിരെയുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമര്‍ശനത്തെ പരിഹസിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കാന്‍സര്‍ ജലദോഷത്തെ കുറ്റം പറയുന്നത് പോലെയാണ് യോഗിയുടെ ആരോപണമെന്ന് എംഎ ബേബി വിമര്‍ശിച്ചു. നെഹ്റുവിനെ ചത്തകുതിര എന്ന് വിശേഷിപ്പിച്ച മുസ്ലീം ലീഗിന്റെ പിന്തുണ തേടേണ്ടി വന്നത് രാഹുല്‍ ഗാന്ധിയുടെ ഗതികേടാണെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് സംസാരിക്കവേയായിരുന്നു മുസ്ലീം ലീഗിനെതിരെയുള്ള യോഗിയുടെ അധിക്ഷേപം. ‘മുസ്ലിം ലീഗ് ഒരു വൈറസാണ്. വൈറസ് ബാധിച്ചവര്‍ അതിനെ അതിജീവിക്കാറില്ല. പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ആ വൈറസ് ഇപ്പോള്‍ത്തന്നെ ബാധിച്ചിരിക്കുന്നു. കോണ്‍ഗ്രസ് വിജയിച്ചാല്‍ അവരെ ബാധിച്ച വൈറസ് ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്’
വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുസ്സീം ലീഗ് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് വ്യക്തമാക്കി.