കണ്ണൂര്‍: അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മൂന്നു പേര് കണ്ണൂരില്‍ പിടിയില്‍. ഒമ്പത് കിലോ കഞ്ചാവ് സഹിതം മൂന്ന് പേരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കമ്മീഷണര്‍ സ്പെഷ്യല്‍ സ്വകാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പികെ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ കൂട്ടുപുഴയില്‍ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്.
കണ്ണൂരിലെ പ്രധാന കഞ്ചാവ് മൊത്ത വില്പ്പനക്കാരന് മാച്ചേരി സ്വദേശി കെ രഞ്ജിത്ത്, കണ്ണോത്തുംചാല്‍ സ്വദേശിയായ വിപു എന്നു വിളിക്കുന്ന വിപിന്‍, കൊറ്റാളി സ്വദേശി കെവി സനീഷ് എന്നിവരെയാണ് മാരുതി കാര്‍ സഹിതം പിടികൂടിയത്.
കണ്ണൂരിലെ ചെറുകിട കഞ്ചാവു കച്ചവടക്കാരില്‍ നിന്നും മുന്‍കൂട്ടി ഓര്‍ഡര്‍ എടുക്കുന്ന പ്രകാരം കിലോ കണക്കിന് കഞ്ചാവാണ് ഇവര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കടത്തിക്കൊണ്ടു വരുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലേക്ക് വന്‍തോതില്‍ ലഹരിക്കടത്ത് നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് രഹസ്യ നിരീക്ഷണം നടത്തവെയാണ് വിവരം ലഭിക്കുന്നത്.
എക്സൈസ് കമ്മീഷണര്‍ സ്പെഷ്യല്‍ സ്ക്വാഡ് അംഗം പി ജലീഷ്, ഉത്തരമേഖലാ ജോയന്റ് എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് അംഗം കെ ബിനീഷ്, എക്സൈസ് നാര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസര്‍ വികെ ഷിബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടിവി ഉജേഷ്, പിടി ശരത്, സീനിയര്‍ എക്സൈസ് ഡ്രൈവര്‍ കെ ഇസ്മയില്‍ എന്നിവരടങ്ങുന്ന സംഘമാണ് അതിസാഹസികമായി കഞ്ചാവ് പിടികൂടിയത്.
വരും ദിവസങ്ങളില്‍ എക്സൈസിന്റെ ശക്തമായ പരിശോധന നടക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പികെ സുരേഷ്. അറിയിച്ചു. പ്രതികളെ മട്ടന്നൂര്‍ ജുഡിഷ്യല്‍ ഫസ്സ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.