കണ്ണൂര്‍: ഇരിക്കൂര്‍ പെരുമണ്ണില്‍ വാഹനമിടിച്ച് പത്ത് വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിക്ക് നൂറ് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ചു. മലപ്പുറം കോട്ടൂര്‍ മണപ്പാട്ടില്‍ ഹൗസില്‍ എം അബ്ദുല്‍ കബീറിനെ (46)യാണ് കോടതി ശിക്ഷിച്ചത്. ഓരോ കുട്ടിയുടെ മരണത്തിനും പത്ത് വര്‍ഷം തടവും ഒരു ലക്ഷം പിഴയടക്കാനുമാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പിഎന്‍ വിനോദ് വിധിച്ചത്.
പിഴയടച്ചില്ലെങ്കില്‍ മുപ്പതു മാസം കൂടി തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ ഓരോ ലക്ഷം വീതം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നല്‍കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പത്ത് വര്‍ഷം തടവ് ശിക്ഷ മതിയാവും.
2008 ഡിസംബര്‍ നാലിനാണ് നാടിനെ നടുക്കിയ ആ സംഭവം നടന്നത്. ആ കറുത്ത ദിനത്തിലെ നടുക്കുന്ന ഓര്‍മ്മകളിലേക്കാണ് പെരുമണ്ണ് വാഹനാപകടം നടന്ന് പത്ത് വര്‍ഷത്തിന് ശേഷം കോടതി വിധിയും എത്തുന്നത്.
പെരുമണ്ണ് നാരായണ വിലാസം എല്‍പി സ്കൂളിലെ 10 കുട്ടികളാണ് 2008 ഡിസംബര്‍ നാലിന് വൈകീട്ടുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു വരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു.
വിദ്യാര്‍ത്ഥികളായ അനുശ്രീ, അഖിന, സാന്ദ്ര, മിഥുന, നന്ദന, സജ്ഞന, റംഷാന, കാവ്യ, സോന, വൈഷ്ണവ് എന്നീ കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. ഒമ്പത് കുട്ടികള്‍ സംഭവ ദിവസവും ഒരു കുട്ടി പിന്നീടുമാണ് മരിച്ചത്. സംഭവത്തില്‍ കബീറിനെതിരെ ഇരിക്കൂര്‍ പോലീസ് മനഃപൂര്‍വ്വമല്ലാതെ നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം അനുവദിച്ചെങ്കിലും കേസ് ഇഴഞ്ഞു നീങ്ങുകയായിരുന്നു.
കേസ് പെട്ടെന്ന് തീര്‍പ്പാക്കി കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പത്ത് വര്‍ഷത്തിന് ശേഷമാണ് വിധിയുണ്ടായിരിക്കുന്നത്. പത്ത് കുട്ടികളുടെ മരണത്തിന് കാരണക്കാരന്‍ എന്ന നിലയില്‍ പത്ത് വര്‍ഷം വീതമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.