കൊച്ചി: ഇനി സ്കൂളിലേക്ക് ഭാരമുള്ള ബാഗുകളും വലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പോകേണ്ടി വരില്ല. സ്കൂള്‍ ബാഗുകളുടെ ഭാരം കുറക്കാന്‍ തീരുമാനമായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നു ഭാഗമായി പുസ്തകങ്ങള്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. അമിതഭാരമുള്ള ബാഗുകള്‍ കുട്ടികളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നും അതിനാല്‍ ഇതു നിയന്ത്രിക്കണമെന്നുമാവശ്യപ്പെട്ട് നല്കിയ ഹരജിയിലാണ് വിശദീകരണം.
എറണാകുളം എളംകുളം സ്വദേശിയായ ഡോ. ജോണി സിറിയക് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഭാരം കുറയ്ക്കാന്‍ പുസ്തകങ്ങളെ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശാനുസരണമാണ് പാഠപുസ്തങ്ങളെ ഭാഗങ്ങളാക്കി മാറ്റിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മേയ് 15നകം ആദ്യ രണ്ട് ഭാഗങ്ങളും മൂന്നാം ഭാഗം ക്രിസ്മസ് അവധിക്കാലത്തും വിതരണം ചെയ്യും. ഓരോ ഭാഗത്തിലും 60 പേജുകള്‍ വരെയായിരിക്കും ഉണ്ടാവുക. കൂടാതെ ഭാരം കുറഞ്ഞ മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ച ബാഗ് ഉപയോഗിക്കാനും, ക്ലാസുകളില്‍ കുടിവെള്ളം ലഭ്യമാക്കി വാട്ടര്‍ ബോട്ടിലുകള്‍ ഒഴിവാക്കാനും, ഭാരം കുറഞ്ഞ നോട്ട്ബുക്കുകള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.