കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ അനുമതി തേടി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസത്തേക്ക് മാറ്റി. കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് സുരേന്ദ്രന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. മെയ് 24നാകും ഇനി കേസ് പരിഗണിക്കുക.
കോടതി നിര്‍ദേശ പ്രകാരം കേസില്‍ നിന്നും സുരേന്ദ്രന് പിന്മാറുന്നത് ഗസറ്റില്‍ വിജ്ഞാപനം ചെയ്തെങ്കിലും 11 എതിര് കക്ഷികളില്‍ 4 പേര് നോട്ടീസ് കൈപ്പറ്റിയില്ലെന്ന് സുരേന്ദ്രന് കോടതിയെ അറിയിക്കുകയായിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ റസാഖിന്റെ വിജയം കള്ളവോട്ടിനെ തുടര്‍ന്നാണെന്നായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി. തെരഞ്ഞെടുപ്പില്‍ യുഡിഫിലെ പിബി അബ്ദുല്‍ റസാഖിനോട് 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന് പരാജയപ്പെട്ടത്.
മരിച്ച ആളുകളുടെ വോട്ടുകള്‍ പോലും റസാഖിന് അനുകൂലമായി പോള്‍ ചെയ്തെന്നും ഇത് ഒഴിവാക്കിയാല്‍ വിജയം തനിക്കാകുമെന്നായിരുന്നു സുരേന്ദ്രന്റെ വാദം. എന്നാല്‍ കേസ് ഹൈക്കോടതി പരിഗണനയില്‍ ഇരിക്കെ കഴിഞ്ഞ ഒക്ടോബറില്‍ അബ്ദുല്‍ റസാഖ് മരണപ്പെട്ടു. ഇതേതുടര്‍ന്ന് പിബി അബ്ദുല്‍ റസാഖ് എംഎല്‍എയുടെ മകന് കേസില്‍ കക്ഷി ചേരുകയായിരുന്നു.