ഇടുക്കി: ആമസോണ്‍ വഴിയെത്തുന്ന ലക്ഷങ്ങള്‍ വിലയുള്ള മൊബൈല്‍ ഫോണുകള്‍ മറിച്ച് വില്‍പ്പന നടത്തുന്ന മോഷണസംഘത്തിലെ മൂന്ന് പേര് പിടിയില്‍. എറണാകുളം സ്വദേശികളായ ഗിരീഷ്, ആന്റണി റെസ്റ്റോ, മിജോ എന്നിവരാണ് പിടിയിലായത്. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ നിന്നും അയച്ച വിലപിടിപ്പുള്ള 81ഓളം മൊബൈല്‍ഫോണുകളാണ് ഇവര്‍ മറിച്ച് വിറ്റത്.
ഒരു ലക്ഷം രൂപ വിലവരുന്ന ഫോണുകളാണ് ഇവര്‍ പലപ്പോഴായും മോഷ്ടിച്ചത്. പിടിയിലായവരില്‍
രണ്ടുപേര്‍ ഡ്രൈവര്‍മാരും ഒരാള്‍ സഹായിയുമാണ്. മോഷണ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. ആമസോണ്‍ വഴി എറണാകുളം പാനായികുളത്തുള്ള ഓഫീസില്‍ നിന്നും കുമളിയിലേക്ക് കയറ്റിയയ്ക്കുന്ന മൊബൈല്‍ ഫോണുകളാണ് മോഷ്ടിച്ച് വില്‍പ്പന നടത്തിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കുമളിയിലെ ഷോറും ഉടമ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ സ്പെഷ്യല്‍ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സംഘത്തിലെ മൂന്ന് പേരെ ഇനിയും പിടികൂടാനുണ്ട്. ഒരുലക്ഷം രൂപ വിലയുള്ള ഫോണ്‍ അമ്പത്തിഅയ്യായിരം രൂപയ്ക്ക് വരെയാണ് ഇവര്‍ മറിച്ചുവില്‍ക്കുന്നത്. സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ 14 ഫോണുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തു.