തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്ക് കനത്തതോടെ വോട്ടെടുപ്പിന് മുന്‍പുള്ള രണ്ടാഴ്ച മന്ത്രിസഭാ യോഗം ഉണ്ടാകില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ മന്ത്രിസഭാ യോഗത്തിന് അവധി നല്കി മന്ത്രിമാര്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതലകളിലേക്ക് പൂര്‍ണ്ണമായും മാറുകയാണ്. ഏപ്രില്‍ പത്തിന് മന്ത്രിസഭ യോഗം ചേര്‍ന്നാല്‍ പിന്നെ ഏപ്രില്‍ 25 ന് മാത്രമേ യോഗം ചേരൂ എന്നാണ് സൂചന.
സാധാരണ എല്ലാ ബുധനാഴ്ചയുമാണ് മന്ത്രിസഭാ യോഗം ചേരുന്നത്. ഏപ്രില്‍ പത്ത് കഴിഞ്ഞാല്‍ പിന്നെ 17, 24 തീയ്യതികളിലാണ് യോഗം നടക്കേണ്ടത്. എന്നാല്‍ ഏപ്രില്‍ 23 നാണ് കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. തൊട്ടടുത്ത ദിവസം യോഗത്തിനെത്താന്‍ മന്ത്രിമാര്‍ അസൗകര്യം അറിയിച്ചതിനാല്‍ ഏപ്രില്‍ 25 ന് മാത്രമേ യോഗം ചേരൂ.
അതിനാല്‍ ഒരു മന്ത്രിസഭാ യോഗം പൂര്‍ണ്ണമായും റദ്ദാക്കുമെന്നാണ് വിവരം. അടുത്തത് മാറ്റിവയ്ക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാറില്ല. അതിനാല്‍ തന്നെ മന്ത്രിസഭാ യോഗത്തില്‍ കാര്യമായ അജണ്ടയോ തീരുമാനങ്ങളോ ഉണ്ടാകാറില്ല.