തിരുവനന്തപുരം: സൂര്യാഘാതത്തിന്റെ തീവ്രത കുറയ്ക്കാനായി തൊഴില്‍ വകുപ്പ് പരിശോധന കര്‍ശനമാക്കി. തൊഴില്‍ വകുപ്പിന് വേണ്ടി ലേബര്‍ കമ്മീഷണര്‍ തൊഴില്‍ സമയം ക്രമീകരിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ നടപടി. കമ്മീഷണര്‍ ഉത്തരവ് നല്‍കിയിട്ടുള്ളത് 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24(3) പ്രകാരമാണ്. ഉത്തരവിന് ഈ മാസം 30 വരെ പ്രാബല്യത്തിലുണ്ട്.
രാവിലെയും ഉച്ചയ്ക്ക് ശേഷവും ഉള്ള ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവും ക്രമപ്പെടുത്തി.
സമുദ്ര നിരപ്പില്‍ നിന്നും 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവ് പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഒപ്പം ഈ സുരക്ഷാ മുന്‍കരുതലും തൊഴില്‍ സമയക്രമീകരണവും പാലിക്കാതെ മുന്നോട്ടു പോകുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ പറഞ്ഞു. കൂടാതെ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ എടുക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ പറഞ്ഞു
വെയില് ഏല്‍ക്കേണ്ടി വരുന്ന നിര്‍മ്മാണ മേഖല, റോഡ് ടാറിംഗ് പോലുള്ള എല്ലാ ജോലികളും സമയ ക്രമീകരണം അനുസരിച്ച് പ്രവര്‍ത്തിക്കണം. ഇത് പാലിക്കാത്ത സ്ഥാപനങ്ങളിലെ അധികൃതര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ശിപാര്‍ശ നല്‍കിയിട്ടുണ്ട്.