തിരുവനന്തപുരം: പത്മ പുരസ്കാരങ്ങള്‍ക്കായി കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച 50 പേരുടെ പട്ടികയില്‍ നിന്നു തെരഞ്ഞെടുത്തത് രണ്ട് പേരെ മാത്രം. സാഹിത്യകാരന് എം ടി വാസുദേവന്‍ നായര്‍, നടന് മമ്മൂട്ടി, നടി കെപിഎസി ലളിത തുടങ്ങിയവരെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി.
ആര്‍എസ്എസ് നിര്‍ദേശ പ്രകാരമാണ് പട്ടികയില്‍ തിരുത്തലുകള്‍ ഉണ്ടായതെന്ന് ആരോപണം ഉയരുന്നുണ്ട്. എംടിക്കു പത്മവിഭൂഷണും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരടക്കം ഒന്‍പതുപേര്‍ക്കു പത്മഭൂഷണും കെപിഎസി ലളിത, നെടുമുടി വേണു എന്നിവരുള്‍പ്പെടെ 41 പേര്‍ക്കു പത്മശ്രീയുമാണു സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.
എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ മോഹന്‍ലാലിനു പത്മഭൂഷണും കെ ജി ജയനു പത്മശ്രീയും ലഭിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത നമ്പി നാരായണന്, കെ കെ മുഹമ്മദ്, സ്വാമി വിശുദ്ധാനന്ദ എന്നിവര്‍ക്കും പത്മശ്രീയും ലഭിച്ചു.