തിരുവനന്തപുരം: വാഹനം വാങ്ങിയിട്ട് രണ്ട് ദിവസം പോലും തികച്ച് ഓടിക്കാന്‍ കഴിയാത്ത യുവാവ് കമ്പനിക്കെതിരെ പരാതിയുമായി രംഗത്ത്. തിരുവനന്തപുരം പൂന്തുറ സ്വദേശി വില്‍ഫ്രെഡ് ആണ് കരമന ചേരന് ഷോറൂമില്‍ നിന്ന് വാങ്ങിയ ഹീറോ പാഷന് പ്രോ ബൈക്ക് സ്ഥിരം കേടാകുന്നതായി പരാതിപ്പെട്ടത്. നിരവധി തവണ പരാതിപ്പെട്ടിട്ടും വാഹനം മാറ്റിത്തരാന്‍ കമ്പനി തയ്യാറല്ലെന്ന് യുവാവ് പറയുന്നു.
75000 രൂപ നല്കി ജനുവരി നാലിനാണ് വില്‍ഫ്രഡ് പുതിയ ബൈക്ക് വാങ്ങുന്നത്. കോവളത്തെ ഒരു ഹോട്ടലിലെ വെയ്റ്ററാണ് അദ്ദേഹം. രണ്ടാം ദിവസം വണ്ടി ഓടിച്ച് ജോലി സ്ഥലത്തേക്ക് പോയപ്പോഴാണ് ആദ്യമായി വാഹനം പണിമുടക്കിയത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് ഇടയ്ക്കിടെ നില്ക്കാന് തുടങ്ങിയതോടെ ബൈക്ക് കമ്പനിയുടെ സര്‍വ്വീസ് സെന്ററിലെത്തിച്ചു.
എല്ലാം ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് അന്നുതന്നെ തിരിച്ചേല്‍പ്പിച്ച വാഹനം അടുത്ത ദിവസം വീണ്ടും പണിമുടക്കി. വീണ്ടും വര്‍ക്ക് ഷോപ്പില്‍ കയറ്റിയ വാഹനം ഇത്തവണ രണ്ട് ദിവസമെടുത്തു നന്നാക്കാന്‍. പക്ഷെ അധികം താമസിയാതെ വീണ്ടും വണ്ടി കേടാവുകയായിരുന്നു. പീന്നീട് ഒരു തവണകൂടി വണ്ടി കേടായതോടെ വണ്ടി മാറ്റി തരണമെന്ന് വില്‍ഫ്രഡ് ആവശ്യപ്പെടുകയായിരുന്നു.
തകരാറെല്ലാം തീര്‍ത്തുകഴിഞ്ഞെന്നും വാഹനം വന്ന് കൊണ്ടുപോകണണെന്നുമാണ് കമ്പനിയുടെ നിലപാട്. ഇനിയും ഇത് ആവര്‍ത്തിക്കില്ലെന്ന് എന്താണുറപ്പെന്ന് വില്‍ഫ്രഡ് ചോദിക്കുന്നത്. എന്നാല്‍, പണം തിരികെ നല്‍കാനോ, വാഹനം മാറ്റി നല്‍കാനോ കമ്പനിയുടെ അനുവാദമില്ലെന്നാണ് ഷോറൂം അധികൃതര്‍ പറയുന്നത്. കമ്പനി കൈവിട്ടതോടെ, ഉപഭോക്തൃ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വില്‍ഫ്രഡ്.