കൊച്ചി: പോരാട്ട ഭൂമിയായ യുപിയില്‍ മത്സരിക്കാതെ രാഹുല്‍ഗാന്ധി വയനാടന്‍ ചുരമേറി ഒളിച്ചോടുകയാണെന്ന് ബിജെപി എറണാകുളം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. കോണ്‍ഗ്രസിന് ഇത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്ക്ലബ്ബില്‍ നടന്ന വാക്കും വോട്ടും മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ഗാന്ധി വരുന്ന വിമാനം കുറച്ചുകൂടി ദിക്കുമാറി ശ്രീലങ്കയില്‍ ഇറങ്ങുകയായിരുന്നു ഇതിലും ഭേദം. അവിടെ നിന്നാണ് അദ്ദേഹത്തിന്റെ അച്ഛന് രാജീവ്ഗാന്ധിയുടെ വാട്ടര്‍ലൂ തുടങ്ങുന്നതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. വലിയ സംഭവമാണെന്ന് കോണ്‍ഗ്രസ് സ്വയം പറയുന്ന പ്രിയങ്കാഗാന്ധി ജനങ്ങള്‍ക്കുവേണ്ടി ജീവിതത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ എന്തു ചെയ്താലും അതിനെ ട്രോളാനാണ് എല്ലാവരും ശ്രമിക്കുന്നത്. തന്റെ പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് തീരെ കുറവാണ്. ഒരിക്കലും തനിക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും ബിജെപിക്കു വേണ്ടിയാണ് താന്‍ വോട്ട് ചോദിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം മാറി വോട്ട് ചോദിച്ച വിഷയത്തെ ന്യായീകരിക്കാനും അല്‍ഫോണ്‍സ് കണ്ണന്താനം മറന്നില്ല.
ഒരു പണിയുമില്ലാത്ത കുറേപ്പേര് ആരെ വധിക്കണമെന്ന് ആലോചിച്ചാണ് ദിവസവും സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. എല്ലാ കാര്യങ്ങളും നിസ്സാരവത്കരിക്കുകയാണ് സോഷ്യല്‍ മീഡിയകള്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് മറ്റ് ചിലരാണ്. അവരും മനുഷ്യരാണ് അവര്‍ക്കും തെറ്റ് പറ്റാമെന്നും അദ്ദേഹം വ്യക്തമാക്കി.