തിരുവനന്തപുരം: നിലവിലെ കാര്യം നോക്കിയാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് ഒരു സീറ്റ് പോലും കിട്ടാത്ത അവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന് ഒരു ചലനവും ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും കേരളത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി വന്ന സ്ഥിതിയ്ക്ക് ഇരുപത് സീറ്റുകളും യുഡിഎഫ് നേടുമെന്നും ചെന്നിത്തല അവകാശപ്പെട്ടു.
543 ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അന്‍പതോളം സീറ്റുകളില്‍ മാത്രമാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ദേശീയ രാഷ്ട്രീയത്തില്‍ ഇടതുമുന്നണിയ്ക്ക് യാതൊരു സ്വാധീനവും ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു. മാത്രമല്ല തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സിപിഎമ്മിന് ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.