തൃശ്ശൂര്‍ : ഊരകം ക്ഷേത്രത്തിന് സമീപം പരീക്ഷണ ചികിത്സക്കിടെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ തൃപ്രയാര്‍ ബലരാമന് ഇന്ന് പുലര്‍ച്ചയോടെ ചെരിഞ്ഞു. ആനയുടെ വാത ചികിത്സയുടെ ഭാഗമായി എണ്ണ ചൂടാക്കിയുള്ള പരീക്ഷണ ചികിത്സ നടത്തിയിരുന്നു. ഇതിനിടെയാണ് ആനക്ക് കാലില്‍ കാര്യമായ പൊള്ളലേറ്റിരുന്നു. ഈ മുറിവ് ബലരാമന്റെ ആരോഗ്യ സ്ഥിതി വഷളാക്കിയതാണ് മരണകാരണം.
പരീക്ഷണ ചികിത്സയ്ക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തിയതോടെ ദേവസ്വം ബോര്‍ഡ് മറ്റ് ചികിത്സ ആരംഭിച്ചിരുന്നു. തൂണുകളുടെ സഹായത്തോടെയാണ് സ്വയം എഴുന്നേറ്റ് നില്ക്കാന് കഴിയാത്ത ബലരാമനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയിരുന്നത്. ആറാട്ടുപുഴ പൂരത്തിന് തൃപ്രയാര്‍ തേവരുടെ തിടമ്പേറ്റുന്നതും പൂരത്തിന്റെ സവിശേഷ ചടങ്ങായ ചാലുകീറല്‍ നടത്തിയിരുന്നതും ബലരാമനായിരുന്നു.
ആനയുടെ വലത് മുന്‍ നഖങ്ങള്‍ക്കുള്ളില്‍ ഒറ്റ നില്പ്പിനെ തുടര്‍ന്ന് പഴുപ്പുണ്ടായെന്നും ഇത് പുറത്തേക്കൊഴുകുന്നുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ആനയെ ഷെല്‍ട്ടറിനുള്ളില്‍ പാര്‍പ്പിക്കണമെന്നാണ് നിയമമെങ്കിലും കൊടുംചൂടില്‍ മാവിനടിയില്‍ നിര്‍ത്തിയായിരുന്നു ചികിത്സ.
വനം വകുപ്പ് കൊച്ചിന് ദേവസ്വം ബോര്‍ഡിനും ബലരാമന്റെ പാപ്പാന്‍മാര്‍ക്കുമെതിരെ കേസെടുത്തിരുന്നു. ഹെറിട്ടേജ് ആനിമല്‍ ടാസ്ക് ഫോഴ്സ് പൊള്ളലിന്റെ മുറിവും പഴുപ്പ് ബാധിച്ച കാലുമായി ആന അവശവനിലയില് കഴിയുന്നുവെന്ന് കാട്ടി വനം വകുപ്പിന് വീണ്ടും പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് വനംവകുപ്പ് ഇന്ന് പരിശോധനക്ക് എത്താനിരിക്കുകയായിരുന്നു.