കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ചതിന് ആര്‍എംപിഐ നേതാവ് കെകെ രമയ്ക്കെതിരെ കേസെടുത്ത വിഷയത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ കെ മുരളീധരന്.
സത്യം പറഞ്ഞതിനാണ് രമയ്ക്കെതിരെ കേസെടുത്തതെന്നും യുഡിഎഫും രമയും പറയുന്നത് സത്യം മാത്രമാണെന്നും മുരളീധരന് പറഞ്ഞു. ആദ്യം ഭര്‍ത്താവിനെ കൊന്നവര്‍ ഇപ്പോള്‍ രമയെയും മാനസികമായി ദ്രോഹിക്കുകയാണെന്നും രമയ്ക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും മുരളീധരന് വ്യക്തമാക്കി.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാതിയിലാണ് രമയ്ക്കെതിരായ നടപടി. രമയ്ക്കെതിരെ കേസെടുക്കാന്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശിച്ചത്.
ജയരാജന് കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ പരാതി.