ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കാലമായതോടെ വാഗ്ദാനങ്ങളുടെ പെരുമഴയുമായി എത്തുകയാണ് നേതാക്കന്മാര്. ന്യായ് പദ്ധതിക്ക് ശേഷം അടുത്ത വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ പാര്‍ട്ടി അധികാരത്തില്‍ വരികയാണെങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 ഓടെ ഒഴിവുള്ള 22 ലക്ഷം സര്‍ക്കാര്‍ ജോലികളില്‍ നിയമനം നടത്തുമെന്ന് രാഹുല്‍ പറഞ്ഞു.
ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 22 ലക്ഷം സര്‍ക്കാര്‍ പോസ്റ്റുകളിലാണ് ഒഴിവ് വന്നിരിക്കുന്നതെന്നും അധികാരത്തിലെത്തിയാല്‍ ഈ ഒഴിവുകള്‍ 2020 മാര്‍ച്ച് 31 ഓടെ ഞങ്ങള്‍ നികത്തുമെന്നും രാഹുല്‍ അറിയിച്ചു. ഒഴിവുകള്‍ വരുന്ന എല്ലാ പോസ്റ്റുകളിലും നിയമനം നടത്തുമെന്നും ട്വീറ്റില്‍ വ്യക്തമാക്കി.
വിദ്യാഭ്യാസത്തിനും ആരോഗ്യ പരിരക്ഷക്കുമുള്ള ഫണ്ട് ഓരോ സംസ്ഥാനത്തിനും കേന്ദ്രം കൈമാറും. നിലവില്‍ അധികാരത്തിലുള്ള സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചതല്ലാതെ കുറഞ്ഞിട്ടില്ലെന്ന് മോഡിയെ വിമര്‍ശിച്ച് കൊണ്ട് രാഹുല്‍ പറഞ്ഞു.