കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ വയനാട് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി വരുന്നതോടെ സിപിഎമ്മും ബിജെപിയും പരിഭ്രാന്തിയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും ബിജെപിയും ഒരു പോലെ രാഹുലിനെ വിമര്‍ശിക്കുകയാണ്. ഇരുവര്‍ക്കും ഒരേ സ്വരമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ സ്ഥാനാര്‍ത്ഥിയായാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് സിപിഎം പറയുന്നത്. അങ്ങനെ എങ്കില്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ഇടത് മുന്നണി തയ്യാറാകുമോ എന്നും ചെന്നിത്തല ചോദിച്ചു.
രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുന്നത് ബിജെപിക്കെതിരെയാണ്. രാഹുല്‍ സ്ഥാനാര്‍ത്ഥിയായി വന്നതോടെ കേരളത്തില്‍ ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു.