കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാട്ടില്‍ പ്രഖ്യാപിച്ചതോടെ പ്രത്യേക സുരക്ഷ തയ്യാറാക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. മാവോയിസ്റ്റ് ഭീഷണി കൂടി കണക്കിലെടുത്താണ് പ്രത്യേക സുരക്ഷയൊരുക്കുന്നത്.
മുന്‍കൂട്ടി അറിയിച്ചുള്ള പരിപാടികളായതിനാല്‍ അതിനനസരിച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ തയ്യാറാക്കാന്‍ പോലീസ് സജ്ജമാണെന്ന് ഉത്തര മേഖല എഡിജിപി ഷെയ്ക്ക് ധര്‍വേസ് സാഹിബ് പറഞ്ഞു.
അതേസമയം, മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന് വസന്ത് കുമാറിന്റെ വീട് സന്ദര്‍ശിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിയ്ക്ക് അനുമതി നല്‍കിയിരുന്നില്ല. പക്ഷെ, സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മണ്ഡലത്തിലെത്തുമ്പോള്‍ എല്ലാ ഭീഷണിയെയും മറികടക്കാനുള്ള പ്രത്യേക പദ്ധതി തന്നെ പോലീസിന് തയ്യാറാക്കേണ്ടിവരും.
രാഹുലിന് എസ്പിജി സുരക്ഷ നല്‍കുന്നുണ്ട്. അതിന് പുറമെയാണ് പോലീസിന്റെ സുരക്ഷാ ക്രമീകരണം. രാഹുലിന്റെ വാഹന വ്യൂഹം, സമ്മേളന സ്ഥലങ്ങള്‍, വോട്ടഭ്യര്‍ത്ഥിക്കാനെത്തുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പ്രത്യേക സുരക്ഷ ഒരുക്കും. ജില്ലാ എസ്പിക്ക് പുറമെ കൂടുതല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ രാഹുലിന്റെ പര്യടന വേളയില്‍ നിയോഗിക്കേണ്ടി വരും.