തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടത് പക്ഷത്തിന് എതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ ഗാന്ധിയല്ല ആരു വന്നാലും പരാജയപ്പെടുത്താന്‍ തന്നെയാണ് ഇടത് മുന്നണി ശ്രമിക്കുകയെന്നും പിണറായി വിജയന് പ്രതികരിച്ചു.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ സന്ദേശം നല്‍കും. മത്സരം പ്രതീകാത്മകമാണെങ്കില്‍ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നും പിണറായി വിജയന് പറഞ്ഞു. രാഹുലിനെ തോല്‍പ്പിക്കാന്‍ ഇടത് മുന്നണിക്ക് കഴിയുമെന്നും അതിന് വേണ്ടി തന്നെയാണ് ഇനിയുള്ള പരിശ്രമമെന്നും പിണറായി വിജയന് വ്യക്തമാക്കി.
ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന തീരുമാനത്തിലെത്തിയത്. മുതിര്‍ന്ന നേതാവ് എകെ ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക.