തൊടുപുഴ; തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയായ അരുണിനെതിരെ പോക്സോ ചുമത്തി. ഗുരുതര നിലയില്‍ കഴിയുന്ന ഏഴ് വയസ്സ്കാരനെതിരെ ലൈംഗീക അതിക്രമവും നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിക്കെതിരെ പോക്സോ ചുമത്തിയത്. ജില്ലാ പോലീസ് മേധാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡോക്ടേഴ്സിന്റെ ശാസ്ത്രീയ പരിശോധനയിലാണ് തെളിവുകള്‍ ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കി. കൂടാതെ സഹോദനരായ മൂന്നര വയസ്സുകാരനെ ആക്രമിച്ച കേസിലും പ്രതിക്കെതിരെ കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു.
അതെസമയം കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്. എന്നാല്‍ മസ്തിഷ്ക മരണം സംഭവിച്ചുവെന്ന നിഗമനം മെഡിക്കല്‍ ബോര്‍ഡ് തിരുത്തിയിട്ടുണ്ട്. കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തി. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ വിദഗ്ധ സംഘമാണ് കുട്ടിയെ പരിശോധിച്ച ശേഷം ഇക്കാര്യം വ്യക്തമാക്കിയത്.