സാമൂഹ്യപ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂരിന്റെ ഫേസ്ബുക്ക് ലൈവാണ് ഇന്നത്തെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സോഷ്യല്‍ മീഡിയകളിലൂടെ സഹായം അഭ്യര്ത്ഥിക്കുന്നവര്ക്കെതിരെയാണ് സുശാന്തിന്റെ ഫേസ്ബുക്ക് ലൈവ്. സാമ്പത്തികമായി തകര്ന്നടിയുന്നവര്ക്കും രോഗബാധിതരായ നിരവധി പേര്‍ക്കും സഹായമായ സുശാന്തിന്റെ പോലുള്ള ഒരാളുടെ വെളിപ്പെടുത്തല്‍ സൈബര്‍ ലോകത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്.
കുറച്ച് ദിവസം മുന്‍പ് പ്രീതി എന്ന യുവതിയുടെ ജീവിതത്തിലെയും രോഗത്തിന്റേയും വിഷമങ്ങള്‍ സുശാന്ത് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച ആ വീഡിയോയ്ക്ക് മികച്ച രീതിയില്‍ പ്രതികരണം ലഭിച്ചിരുന്നു. ഇന്നലെ 42 ലക്ഷം രൂപ അക്കൗണ്ടിലെത്തിയതായും അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രീതിക്കെതിരെ ആരോപണങ്ങളുമായി സുശാന്ത് തന്നെ രംഗത്തെത്തിയതോടെ സത്യമെന്തെന്ന് അറിയാതെ ലക്ഷങ്ങളടക്കം സഹായിച്ചവര്‍ അങ്കലാപ്പിലാണ്. പ്രീതിക്കുള്ള ചികിത്സയുടെ ചെലവ് കഴിഞ്ഞാല്‍ ബാക്കി പണം മറ്റുള്ളവരെ സഹായിക്കണമെന്ന് സുശാന്ത് നേരത്തെ തന്നെ പറഞ്ഞിരുന്നതായും പ്രീതി സമ്മതിച്ചിരുന്നതായും സുശാന്ത് വീഡിയോയില്‍ പറയുന്നു.
എന്നാല്‍ കണക്കില്‍ കൂടുതല്‍ പണം അകൗണ്ടില്‍ എത്തിയപ്പോള്‍ പ്രീതി പറഞ്ഞ വാക്ക് മാറ്റിയെന്നും സുശാന്ത് അറിയാതെ പ്രീതി അക്കൗണ്ടില്‍ നിന്ന് നാലുലക്ഷം രൂപ പിന്‍വലിച്ചിരുന്നതായും സുശാന്ത് പറയുന്നു. മാത്രമല്ല അക്കൗണ്ടിലൂടെ അല്ലാതെ ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും പ്രീതിക്ക് നേരിട്ട് പണം നല്‍കിയിട്ടുണ്ട്. മറ്റ് പല ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ വേറെ അക്കൗണ്ട് നമ്പറുകളും കൊടുത്താതായും സുശാന്ത് ആരോപിക്കുന്നു.
ഇത്രയധികം രൂപ പ്രിതിയുടെ ചികിത്സയ്ക്ക് ആവശ്യമില്ലെന്നും ബന്ധപ്പെട്ടവര്‍ ഇടപെട്ട് പ്രീതിയുടെ ചികിത്സകഴിഞ്ഞ് ബാക്കി പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്നാണ് സുശാന്ത് പറയുന്നത്.