ഇടുക്കി: തൊടുപുഴയില്‍ ഏഴുവയസുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തര റിപ്പോര്‍ട്ട് തേടി. ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിക്ക് വിദഗ്ധ ചികിത്സയടക്കമുള്ള എല്ലാ സഹായവും നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായി തലച്ചോര്‍ പൊട്ടിയ നിലയില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററുടെ സഹോയത്തോടെയാണ് കുട്ടിയുടെ ജീവന് നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കുട്ടിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടുവെന്നാണ് സൂചന. വടി ഉപയോഗിച്ച് തലയ്ക്കും കണ്ണിനും അടിച്ചെന്ന് കുട്ടിയുടെ മൂന്നര വയസുകാരനായ സഹോദന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ സഹോദരനും പരിക്കേറ്റിട്ടുണ്ട്. താടിയെല്ലിനും പല്ലിനുമാണ് പരിക്ക്. ഈ കുട്ടിയെ അമ്മൂമ്മയോടൊപ്പം പോകാന്‍ പോലീസ് അനുവദിച്ചു.