കൊച്ചി: ആള് മാറി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് 54 ദിവസം തടവില്‍ കഴിയേണ്ടി വന്ന സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തലശ്ശേരി സ്വദേശി ഹൈക്കോടതില്‍ ഹര്‍ജി നല്കി. വികെ താജുദ്ദീന് എന്നയാളാണ് 1.40 കോടി രൂപ ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംഭവത്തില്‍ സര്‍ക്കാരുള്‍പ്പെടെ എതിര്‍കക്ഷികളില്‍ നിന്നും കോടതി വിശദീകരണം തേടിയിട്ടുണ്ട്. മാലമോഷണ കേസിലായിരുന്നു നിരപരാധിയായ താജുദ്ദീന് ജയിലിലടക്കപ്പെട്ടത്.
2018 ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മകളുടെ വിവാഹത്തിനായി പതിനഞ്ച് ദിവസത്തെ അവധിക്ക് ഖത്തറില്‍ നിന്നും നാട്ടിലേക്ക് വന്നതായിരുന്നു താജുദ്ദീന്. മാലമോഷ്ടിച്ചുവെന്ന് ആരോപിച്ച് താജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ നിരപരാധിയാണെന്നും മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷനുള്‍പ്പെടെ പരിശോധിക്കണമെന്നും താജുദ്ദീന് ചോദ്യംചെയ്യലില്‍ പോലീസിനോട് അപേക്ഷിച്ചിരുന്നു.
എന്നാല്‍ ഫലമൊന്നുമുണ്ടായിരുന്നില്ല. ചക്കരക്കല്‍ എസ്ഐ ബിജു താജുദ്ദീനെ അറസ്റ്റ് ചെയ്ത് 54 ദിവസം തടവിലിട്ടു. തുടര്‍ന്ന് കണ്ണൂര്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ മാലപൊട്ടിച്ച കേസിലെ യഥാര്‍ത്ഥ പ്രതിയെ പിടികൂടുകയും തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി താജുദ്ദീനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇയാളുടെ നിരപരാധിത്വം തെളിഞ്ഞതോടെ ചക്കരക്കല്‍ എസ്ഐ യെ കണ്ണൂര്‍ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ജോലിക്കായി തിരികെ വിദേശത്തേക്ക് പോയ താജുദ്ദീന് അവിടെയും ദുരിതജീവിതമായിരുന്നു. യഥാസമയം ജോലിക്കെത്തിയില്ലെന്ന പേരില്‍ ഖത്തറിലെ വിമാനത്താവളത്തില്‍ വെച്ച് അവിടത്തെ പോലീസ് ഇയാളെ അറസ്റ്റുചെയ്യുകയും 23 ദിവസത്തോളം ജയിലിലിട്ടശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുകയുമായിരുന്നു. അതോടെ താജുദ്ദീന് ഉപജീവനമാര്‍ഗം നഷ്ടമായി.
നിരപരാധിയായ തന്നെ പ്രതിയാക്കി തടവിലിട്ടതിനും തന്റെ ഉപജീവന മാര്‍ഗം ഇല്ലാതാക്കിയതിനും ഉത്തരവാദികളായ കണ്ണൂര്‍ ചക്കരക്കല്‍ പോലീസിലെ മൂന്ന് പോലീസുദ്യോഗസ്ഥരെ എതിര്‍കക്ഷി ചേര്‍ത്താണ് താജുദ്ദീന് ഹര്ജിനല്കിയിട്ടുള്ളത്. അറസ്റ്റ്, തടവ്, പീഡനം, ജോലിനഷ്ടം തുടങ്ങി തനിക്കുണ്ടായ വിഷമങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പോലീസുകാര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.